Thursday, May 8, 2014

3 മരം നടാം

മഴക്കാലം വരവായി. മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന വെള്ളവും അന്തരീക്ഷത്തിലെ ഈർപ്പവും താപനിലയിലെ കുറവും എല്ലാം ചേർന്ന് പുത്തൻ നാമ്പുകൾക്ക് പൊട്ടിമുളയ്ക്കാനും വളർന്നുപടരാനുമുള്ള അവസരങ്ങൾ ഒരുങ്ങുകയായി. ഈ മഴക്കാലത്ത്, ഒന്നു മനസ്സുവച്ചാൽ കുറെയേറെ മരങ്ങൾ കൂടി നട്ടുവളർത്തിയെടുക്കാൻ നമുക്ക് കഴിയും. മരങ്ങൾ നടാനും വളർത്തിവലുതാക്കാനും വേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

1. നടാനുള്ള സ്ഥലം.
എവിടെയാണ് മരം നടേണ്ടത്? എവിടെയും നടാം. സ്വന്തം പറമ്പിൽ ആവാം. പൊതുസ്ഥലങ്ങൾ,  സ്കൂളുകൾ,  ആരാധനാലയങ്ങൾ, പാതയോരങ്ങൾ അങ്ങനെ എവിടെയും. തണൽ ആവശ്യമുള്ളിടത്തെല്ലാം മരങ്ങൾ നടാം.

2. നടേണ്ട മരങ്ങൾ
ഏതിനം മരങ്ങൾ നടണം എന്നത് പലരും ചോദിക്കാറുള്ള ചോദ്യമാണ്. ഏതിനവും നടാം എന്നതാണ് വാസ്തവം. പല ഇടങ്ങളിലും പലതരം മരങ്ങൾ നടാം. ഉദാഹരണത്തിന് പാതയോരങ്ങളിൽ പൂക്കൾ ഉണ്ടാവുന്ന തണൽ വൃക്ഷങ്ങൾ നല്ലതാണ്. വിദ്യാലയങ്ങളിൽ ഞാവൽ, മാവ് എന്നിവ പോലുള്ള ഫലവൃക്ഷങ്ങളാവാം. വെയിൽ കത്തുന്ന പ്രദേശങ്ങളിൽ മഴമരം പോലുള്ള തണൽമരങ്ങൾ ഉത്തമമാണ്. ക്ഷേത്രങ്ങളിൽ ആലുകളോ, ഇലഞ്ഞി പോലെ സാവധാനം വളർന്ന് പടർന്നുവളരുന്ന വന്മരങ്ങളോ നടാവുന്നതാണ്.

3. തൈകൾ എവിടെ കിട്ടും?
മിക്കവരുടെയും സംശയമാണിത്. യഥാർത്ഥത്തിൽ മരംനടൽ പ്രക്രിയയിലെ ഏറ്റവും എളുപ്പമായ കാര്യമാണിത്. മഴക്കാലത്ത് മണ്ണിൽ മറഞ്ഞുകിടന്ന വിത്തുകളും പുത്തൻ ഫലങ്ങളും തൈകളായി പൊട്ടിമുളയ്ക്കുകയാണ്. അവയെ ശ്രദ്ധയോടെ പറിച്ചുനടുകയേ വേണ്ടൂ. ഉദാഹരണത്തിന് ഇത്തവണ എല്ലാ നാട്ടിലും നാട്ടുമാവുകൾ നിറയെ പഴങ്ങളായിരുന്നു. മാവിൻ ചുവട്ടിലും ചുറ്റുവട്ടത്തും നിറയെ മാവിൻ തൈകൾ ഉണ്ടാവും. അവയെ അണ്ടിയടക്കം ശ്രദ്ധയോടെ പിഴുതെടുക്കുക. എവിടെ നടാൻ ഉദ്ദ്യേശിക്കുന്നുവോ അവിടെ കുറച്ചു മണ്ണുമാറ്റി അണ്ടി അടർന്നുപോവാതെ നടുക. വേരുകൾ ഇറങ്ങി സ്വന്തം നിലയിൽ വളരാനാവുന്നതു വരെ അണ്ടിയിൽ അടങ്ങിയിട്ടുള്ള ഭക്ഷണം ഉപയോഗിച്ചു വളരുന്ന തൈകൾക്ക് ചെറിയ ക്ഷീണം പോലും ഉണ്ടാാവില്ല. നാട്ടുമാവുകൾ അന്യം നിന്നു പോവുകയാണ്. ഓരോ മാവിലെ കനികൾക്കും ഓരോ രുചിയാണ്, വലിപ്പമാണ്, മണമാണ്, ഗുണമാണ്. എല്ലാവർക്കും കണ്ണിമാങ്ങയും നാട്ടുമാമ്പഴവും ഇഷ്ടമാണ്. പക്ഷേ സ്വന്തം വീട്ടുവളപ്പിലുള്ള നാട്ടുമാവുകൾ മുറിക്കുകയല്ലാതെ നടുക എന്ന ഒരു ശീലം ഇപ്പോൾ തീർത്തും ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. നാട്ടുമാവുകൾ നട്ടുവളർത്തുക. ഏറ്റവും ഉത്തമമായ സ്ഥലം വഴിയോരങ്ങളാണ്. നമ്മുടെ കുട്ടികൾക്ക് വരും കാലങ്ങളിൽ നാട്ടുമാങ്ങകൾക്കായി നമ്മൾ ഇവ നട്ടേ പറ്റൂ. മാവിൻതൈകൾ സംരക്ഷിക്കാൻ താരതമ്യേന വിഷമവും കുറവാണ്.

4. തൈ നടൽ
തൈ നടാൻ ഉള്ള സ്ഥലം ഒന്നു ചെറുതായെങ്കിലും വൃത്തിയാക്കി ചെറിയൊരു മൺവെട്ടികൊണ്ട് ഇളക്കി അതിൽ നടുകയേ വേണ്ടൂ. നട്ടതിനു ശേഷം മണ്ണ് അടുപ്പിച്ച് ഇടുക. എന്തെങ്കിലും സസ്യ അവശിഷ്ടങ്ങൾ കൊണ്ട് ചെറുതായി ഒരു പുത ഇടുന്നത് നല്ലതാണ്. കമ്പിവലയോ മറ്റോ ആരെങ്കിലും സ്പോൺസർ ചെയ്യുന്നുണ്ടെങ്കിൽ തൈക്ക് ചുറ്റും വയ്ക്കാവുന്നതാണ്. പക്ഷേ ഇതിന്റെയൊന്നും ആവശ്യം നമുക്കില്ല. പകരം ഏതാനും ശീമക്കൊന്നയുടെ കമ്പുകളോ തെങ്ങിന്റെ മടക്കലകളോ മുളംകമ്പുകളോ ഉപയോഗിച്ച് ഒരു ചെറിയ വേലി കെട്ടുക.

5.ഇനിയോ
വളരെ പ്രതീക്ഷയോടെ, പത്തോ ഇരുപതോ വർഷത്തിനപ്പുറം തല ഉയർത്തിപ്പിടിച്ച് തന്റെ ചുവട്ടിൽ വരുന്ന കുട്ടികൾക്ക് കാറ്റിന്റെ സഹായത്തോടെ മാമ്പഴം നൽകുന്ന മാവിനെ സ്വപ്നം കണ്ട് നമ്മൾ മാവിന്റെ തൈ നട്ടു കഴിഞ്ഞു. ഇനിയോ?  ഇനിയാണ് പണി. നൂറു ദിവസം നമ്മൾ കണ്ണിലുണ്ണി പോലെ കാത്തു രക്ഷിച്ചാലും നൂറ്റൊന്നാമത്തെ ദിവസം വഴിയെ പശുവിനെയും തെളിച്ചുകൊണ്ടുപോകുന്ന ഒരാളുടെ അശ്രദ്ധയിൽ നമ്മുടെ മരത്തിന്റെ കാറ്റു പോകും. മരത്തിനെ രക്ഷിക്കാൻ വേണ്ട ഏറ്റവും അവശ്യമായ കാര്യമാണ് നാട്ടുകാരുടെ പിന്തുണ. ദൂരെ നിന്നും  വന്ന് ബലമായി ചെയ്തിട്ടുപോയി വിജയിക്കാവുന്ന കാര്യമല്ല മരം നടൽ. പ്രാദേശികമായ പിന്തുണ അനിവാര്യമാണ്. ഏറ്റവും നല്ലത് അവരെയും കൂടെ കൂട്ടുക എന്നതാണ്. അപ്പോൾ അവർക്ക് അതു സ്വന്തമാണെന്നും സംരക്ഷിച്ചാൽ ഗുണം കിട്ടുന്നതാണെന്നും ഒരു തോന്നലുണ്ടാവും. നമ്മുടെ മരത്തിൽ കയറുന്ന വള്ളികളും ചുറ്റുമുണ്ടാാകുന്ന കളകളും ഇടയ്ക്കിടെ നീക്കം ചെയ്യണം. അങ്ങനെയിരിക്കുമ്പോൾ വേനലെത്തും. ആദ്യത്തെ വേനലാണ് യഥാർത്ഥ പരീക്ഷണം.

6. ആദ്യ വേനൽ
നമ്മുടെ മരത്തിന്റെ ആദ്യത്തെ വേണൽ എത്തുകയായി. ഇതൊന്നു കടന്നു കിട്ടലാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാര്യം, ഇവിടെയാണ് മിക്കവാറും നമ്മൾ തോൽക്കുന്നതും. മരംനട്ട് ഫോട്ടോ എടുത്ത് ചായയും കുടിച്ച് പിരിയുന്ന നമ്മൾ പിന്നീട് വേനൽ എത്തുമ്പോഴേയ്ക്കും ഒന്നുകിൽ അതു മറക്കും. അല്ലെങ്കിൽ വേണ്ടവിധം സംരക്ഷിക്കുന്നതിൽ പരാജയപ്പെടും. നടുന്ന തൈകൾ എല്ലാം മരമായിരുന്നെങ്കിൽ കേരളം ഒരു വനമായേനേ. പക്ഷേ, കുറെയെങ്കിലും ബാക്കി വരാൻ പോലും കഠിനപ്രയത്നം ആവശ്യമാണ്. വേനൽ എത്തുമ്പോഴേക്കും നമ്മുടെ തൈക്ക് ചുറ്റും കരിയിലകൾ, ചകിരി, ഇലകൾ എന്നിങ്ങനെ എന്തെങ്കിലും കൊണ്ട് പുതയിട്ടാൽ അവയുടെ നിലനിൽക്കാനുള്ള സാധ്യത വളരെക്കൂടും. ആഴ്ചയിൽ ഒരിക്കൽ നനയ്ക്കാൻ കഴിഞ്ഞാൽ ഏറ്റവും നല്ലതാണ്. അടുത്ത മഴക്കാലത്തിന്റെ വരവോടെ നമ്മുടെ തൈകൾ ഏതാണ്ട് രക്ഷപ്പെട്ട മട്ടാവും.

7. വിശ്രമിക്കാറായില്ല.
പുതുമഴയോടെ വളരുന്ന കളകൾ, വള്ളികൾ എന്നിവ നമ്മുടെ കുഞ്ഞു മരത്തെ ഞെരുക്കും. അവ ശ്രദ്ധയോടെ വൃത്തിയാക്കണം, ചിലപ്പോൾ വേലി ഒന്നു പുതുക്കേണ്ടി വരും. ഈ രണ്ടാം മഴക്കാലം കഴിയുന്നതോടെ സ്വന്തം കാലിൽ നിൽക്കാൻ മിക്ക തൈകൾക്കും ആവും. പിന്നെ നമുക്ക് അതിന്റെ ചുവട്ടിലൂടെ അഭിമാനത്തോടെയോ ഇത്തിരി അഹങ്കാരത്തോടെയോ നടക്കാവുന്നതാണ്.

8.ചെലവ്
നേരു പറഞ്ഞാൽ മരം നടുന്ന പരിപാടിക്ക് ഒരു രൂപയുടെ പോലും ചെലവില്ല. നിങ്ങൾ കുറച്ചു തൈ പറിക്കുന്നു. ചെറിയ ഒരു മൺവെട്ടിയും ഒരു കത്തിയും കുറച്ചു വള്ളിയും എടുത്തു പോയി ഒന്നോ രണ്ടോ സുഹൃത്തുക്കളെയും കൂട്ടി മരം നടുന്നു. കുറച്ച് പഴയ മരക്കമ്പുകളോ  മുളക്കഷണങ്ങളോ ഉപയോഗിച്ച്  ഒരു വേലി കെട്ടുന്നു. ഇതിനു ചെലവ് എവിടെ?  കുറച്ച് സമയം ചെലവഴിക്കണം അത്ര മാത്രം.

9. ഫോട്ടോ എടുക്കൽ
നമ്മൾ നട്ടു വളർത്തിയ മരത്തിന്റെ ഫോട്ടോ നിർബന്ധമായും എടുക്കണം. ഒരു കാര്യം. നട്ടതിനു ശേഷം പത്തു വർഷത്തിനു ശേഷമേ അതു ചെയ്യാവൂ. അപ്പോഴും അതു ബാക്കിയുണ്ടെങ്കിൽ മാത്രമേ ഫോട്ടൊ എടുക്കാവൂ.



3 comments:

നിരക്ഷരൻ said...

നട്ട ഉടനെ തന്നെ പടം എടുത്തോട്ടെ. പക്ഷെ പടം പരസ്യപ്പെടുത്തുന്നിടത്ത് എല്ലാക്കൊല്ലവും മറ്റൊരു പടം കൂടെ എടുത്ത് അതിന്റെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യണം.

Anonymous said...

മനോജ്.കെ.ആനന്ദന്റെ പ്ലസ് വഴി വന്നതാണ്. നന്നായി ഇഷ്ടപ്പെട്ടു.വിശദവായനയ്ക്കായി സേവ് ചെയ്തിട്ടുണ്ട്. ഒരു ബ്ലോഗ് സന്ദര്‍ശിച്ച കാലം മറന്നിരിക്കുന്നു!

Harisankar Kalavoor said...

Good work.. All the best..

 

വരൂ, നമുക്കൊരു മരം നടാം. Copyright © 2011 - |- Template created by O Pregador - |- Powered by Blogger Templates